ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് കനത്ത തിരിച്ചടി നൽകിയതിനുപിന്നാലെ സുരക്ഷാ ഭയന്ന് പാകിസ്താൻ സൂപ്പർലീഗ് (പിഎസ്എൽ) ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇംഗ്ലണ്ട് താരങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെ പാകിസ്താനിലെ ഭീകര താവളങ്ങളിലേക്ക് നടന്ന ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായെങ്കിലും പാകിസ്താൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ തുടരുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
എന്നാൽ സംഘർഷം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയം നിലനിൽക്കുന്നതിനാൽ, പിഎസ്‌എല്ലിലെ ഇംഗ്ലണ്ട് താരങ്ങൾ രാജ്യത്ത് തുടരണോ വേണ്ടയോ എന്ന ആശങ്കയിലാണ്. സാം ബില്ലിംഗ്സ്, ജെയിംസ് വിൻസ്, ടോം കറൻ, ഡേവിഡ് വില്ലി, ക്രിസ് ജോർഡൻ, ടോം കോഹ്ലർ-കാൻമോർ, ലൂക്ക് വുഡ് എന്നീ ഏഴ് ഇംഗ്ലണ്ട് കളിക്കാരാണ് നിലവിൽ പിഎസ്എൽ ടീമുകൾക്ക് വേണ്ടി പാകിസ്താനിലുള്ളത്.
www.telecomasia.net പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഡേവിഡ് വില്ലിയും ക്രിസ് ജോർഡനും അവരുടെ ഫ്രാഞ്ചൈസിയായ മുൾട്ടാൻ സുൽത്താൻസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. അവരുടെ ടീം ഇതിനകം പ്ലേഓഫിൽ നിന്ന് പുറത്തായതിനാൽ ഇരുവർക്കും ഇനി ഒരു മത്സരം മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും കളിക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരോട് രാജ്യം വിടാൻ ഇതുവരെ നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ യുകെ സർക്കാരിന്റെ യാത്രാ നിർദേശങ്ങൾ പ്രകാരം അത് മാറ്റാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.