ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ന് നടന്ന സർവകക്ഷിയോഗത്തിലാണ് പ്രതികരണം.
ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും പങ്കിടാൻ കഴിയില്ല. ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പാകിസ്താൻ തീരുമാനിച്ചാൽ തങ്ങൾ പിന്നോട്ടുപോകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
സർവകക്ഷിയോഗത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും പക്വതയോടുകൂടി യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാൻ വേണ്ടിയല്ല, രാഷ്‌ട്രം കെട്ടിപ്പടുക്കാൻ വേണ്ടിയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ഇന്നത്തെ സർവകക്ഷിയോഗം തെളിയിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















