ശ്രീനഗർ: പാക് സൈന്യം നടത്തിയ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോറിലെ പാകിസ്താന്റെ സൈനികകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ പ്രത്യക്രമണമായാണ് ഇന്ത്യൻ സൈന്യം പാക് സൈനിക കേന്ദ്രങ്ങൾ തകർത്തത്.
പാകിസ്താന്റെ വ്യോമ പ്രതിരോധ റഡാറുകളും പ്രതിരോധ സംവിധാനങ്ങളും തകർത്തു. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും കൃത്യമായ മറുപടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പാക് സൈന്യം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി. പാക് ഡ്രോണുകളും മിസൈലുകളും സൈനികർ നിർവീര്യമാക്കി.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പാക് സൈന്യത്തിന്റെ തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തുടർന്നാണ് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചത്.















