പ്രണയം അവസാനിപ്പിച്ച് അകന്ന നീതുവിനെ(35) കൊലപ്പെടുത്താൻ അൻഷാദ്(37) നടത്തിയത് വമ്പൻ ആസൂത്രണമെന്ന് പൊലീസ്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിയായ നീതു. പ്രതി അൻഷാദിനൊപ്പം കാറിലുണ്ടായിരുന്ന ഇജാസിനെയും പിടികൂടിയിട്ടുണ്ട്.ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് നീതു അയൽക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അൻഷാദുമായി അടുക്കുന്നത്.
16 വര്‍ഷം മുന്‍പാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം. വർഷങ്ങളായി അകന്നു കഴിയുന്ന ഇവർ വിവാഹമോചനത്തിന്റെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് അൻഷാദുമായി അടുക്കുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറച്ചു നാളായി വ്യക്തിപരവും അല്ലാതെയുമുള്ള തർക്കങ്ങളെ തുടർന്ന് നീതു അൻഷാദുമായി അകന്നു. ഇതാണ് പ്രതിക്ക് പകയുണ്ടാകാൻ കാരണം.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിലെ വക്കീൽ ഓഫീസിലേക്ക് പോകാൻ വീട്ടിൽനിന്നും ഇറങ്ങിയ നീതുവിനെ കാറുമായി കാത്തുനിന്ന അൻഷാദ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. പൂവൻപാറപ്പടിയിലെ നീതുവിന്റെ വാടക വീടിന് സമീപമാണ് അൻഷാദ് കാത്തിരുന്നത്.റോഡിന് ഇടതുവശം ചേർന്ന നടന്ന നീതുവിനെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ അൻഷാദിന്റെ കാർ ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു.
കാറിന്റെ ബോണറ്റിലും വൈദ്യുതി തുണിലുമിടിച്ചാണ് നീതു റോഡിൽ വീണത്. ബൈക്കിലെത്തിയവരാണ് ഇവരെ ആശുപത്രിയിലാക്കിയത്. കാറിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു. കൃത്യത്തിന് മുമ്പ് പ്രതികൾ കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റിയെങ്കിലും പിൻഭാഗത്തേത്ത് മാറ്റിയിരുന്നില്ല. ഇതാണ് പൊലീസിന് ഗുണമായത്. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ.















