മുംബൈ: പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡ്രോണുകളുടെയും പ്രതിരോധ സാങ്കേതിക സ്ഥാപനങ്ങളുടെയും ഓഹരികള്‍. പാകിസ്ഥാനെ ചെറുക്കാനും തിരിച്ചടി നല്‍കാനും ആളില്ലാ യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ഈ മേഖലയിലെ ഓഹരികള്‍ക്ക് പ്രിയമേറിയതിന് ഇതാണ് കാരണം.
ഇന്ത്യയെ നേരിട്ടുള്ള സൈനിക പോരാട്ടത്തിലേക്ക് തള്ളിവിട്ട സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സൈനിക സംഭരണം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഐഡിയഫോര്‍ജ്, ഡ്രോണ്‍ആചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ്, സെന്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വെള്ളിയാഴ്ച കുത്തനെ ഉയര്‍ന്നു.
17% വരെ കുതിപ്പ്
ലാഹോറിലും മുള്‍ട്ടാനിലും വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ സൈന്യം ഡ്രോണുകള്‍ വിന്യസിച്ചതിനെത്തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ഐഡിയഫോര്‍ജ് ടെക്‌നോളജിയുടെ ഓഹരികള്‍ ഏകദേശം 17% ഉയര്‍ന്ന് 450 രൂപയിലെത്തി. അതേസമയം, ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഡ്രോണ്‍ആചാര്യയും സെന്‍ ടെക്‌നോളജീസും പാരസ് ഡിഫന്‍സും ഏകദേശം 5% മുന്നേറി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ സൂക്ഷ്മമായ വ്യോമാക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീരിലുടനീളമുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെ ഫലപ്രദമായി ചെറുത്തു. പാകിസ്ഥാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യ ഹരോപ്പ് ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു.
നിക്ഷേപ പ്രതീക്ഷകള്‍
ആളില്ലാ വിമാനങ്ങളിലും പ്രതിരോധ സ്റ്റോക്കുകളിലും ഉണ്ടായ ശക്തമായ റാലി, ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ തയ്യാറെടുപ്പിലും സ്വാശ്രയത്വത്തിലൂന്നിയുള്ള മുന്നേറ്റത്തിലുമുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ 2026 സാമ്പത്തിക വര്‍ഷത്തെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയാണ്. ഏറ്റവും പുതിയ ഭീഷണികള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ പ്രതിരോധ ചെലവിടല്‍ വര്‍ദ്ധിപ്പിക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.