ന്യൂഡൽഹി: ഇന്ത്യക്കെതിരായുള്ള പ്രകോപനപരമായ ആക്രമണങ്ങൾക്ക് ശേഷം പരാജയം സമ്മതിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നും ഖ്വാജ ആസിഫ് തുറന്നുപറഞ്ഞു. പാർലമെന്റ് സമ്മേളനത്തിലാണ് പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചിൽ.
മദ്രസകൾ പ്രതിരോധത്തിന്റെ രണ്ടാം നിരയെന്ന് വാദിച്ച ഖ്വാജ ആസിഫ് ആക്രമണം നേരിടേണ്ടിവന്നാൽ മദ്രസകളിലെ വിദ്യാർത്ഥികളെ പ്രതിരോധസേനയായി ഉപയോഗിക്കുമെന്നും വെളിപ്പെടുത്തി. ഇനിയൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ അത് പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവനയെന്ന് വ്യക്തമാണ്.
ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് കഴിഞ്ഞ ദിവസം ഖ്വാജ ആസിഫ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ‘ഇതിന്റെ തെളിവുകൾ എവിടെ’ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് എല്ലാം സോഷ്യൽമീഡിയയിൽ ഉണ്ടെന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയത്. ലാഹോറിന്റെ പല മേഖലകളിലും ഇന്ത്യൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎൻഎസ് വിക്രാന്തിൽ നിന്നും സമാനമായ ആക്രമണങ്ങളാണ് പാകിസ്താനെതിരെ ഉണ്ടായത്.