ശ്രീനഗർ: ഇരുട്ട് മറയാക്കി ഇന്ത്യക്കെതിരെ ആക്രമണം തുടർന്ന് പാകിസ്താൻ. കഴിഞ്ഞ ദിവസം രാത്രി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തി. രജൗരിയിൽ നടന്ന ഷെൽ ആക്രമണത്തിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മരിച്ചു. ജമ്മുവിലെ ജനവാസമേഖലയിലും ഷെൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സ്ഫോടനം.
ജമ്മുവിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജമ്മുവിലെ ശംഭു ശിവക്ഷേത്രത്തിന് നേരെയും പാകിസ്താൻ ആക്രമണം നടത്തി. ആക്രമണത്തിൽ കശ്മീർ ഉറിയിൽ ഒരു സ്ത്രീയും പൂഞ്ചിൽ ഒരു യുവാവും കൊല്ലപ്പെട്ടു.
അർദ്ധരാത്രി നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. 36 ഇടങ്ങളിൽ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യം പ്രതിരോധിച്ചു. പാകിസ്താന്റെ നാല് വ്യോമപ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണവുമുണ്ടായി. പാക് സൈന്യത്തിന്റെ വ്യോമ പ്രതിരോധ റഡാർ നശിപ്പിച്ചു.















