ശ്രീനഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ കൊടും ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീഭർത്താവുമായ അബു അകാസും. കേന്ദ്രസർക്കാർ പുറത്തുവിട്ട കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദവിവരങ്ങളിലാണ് അബു അകാസിന്റെ പേരും ഉൾപ്പെടുന്നത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ കൊടുംഭീകരന്മാരായ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസർ, ഹസ്സൻ ഖാൻ എന്നിവരും കൊല്ലപ്പെട്ടു. ജെയ്ഷെ തലവനും മസൂദ് അസറിന്റെ ഭാര്യാസഹോദരനുമായ ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടതായാണ് വിവരം. യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമണങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നതിൽ മുഖ്യസൂത്രധാരനായിരുന്നു ഹാഫിസ് മുഹമ്മദ്.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്തത്. നൂറോളം ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങൾ പുറത്തുവന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സ്ഥാപകനായ മസൂദ് അസറിന്റെ സഹോദരനും സഹോദരിമാരും ഉൾപ്പെടെ 14 പേരാണ് ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ ബന്ധുക്കളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.
മസൂദ് അസറും ഹാഫിസ് സെയ്ദും പാകിസ്താനിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെ ഇവരെ കൊടുംഭീകരന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പലതവണ ഇവരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാൻ പാകിസ്താൻ തയാറായിരുന്നില്ല. ഇവരെ അറിയില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭയന്ന് ഒളിവിൽ കഴിയുന്ന ഹാഫിസ് സെയ്ദിന് പാക് സൈന്യത്തിന്റെ പാരാ കമാൻഡോകളാണ് സുരക്ഷ നൽകുന്നത്.