ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന കരാറിലെത്തി മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നാല് ദിവസത്തെ രൂക്ഷമായ ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം അഞ്ചുമണിമുതലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുകയും ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു.
പാകിസ്താനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച തരൂർ X-ലെ രാത്രി വൈകിയുള്ള പോസ്റ്റിൽ ഒരു ഹിന്ദി ഈരടി പോസ്‌റ്റ് ചെയ്‌തു: “उसकी फितरत है मुकर जाने की…उसके वादे पे यकीं कैसे करूँ? ” (“വാക്കിൽ നിന്ന് പിന്മാറുക എന്നത് അവരുടെ ശീലമാണ്, പിന്നെ അവരുടെ ഉറപ്പുകളിൽ എങ്ങനെ വിശ്വാസമുണ്ടാകും?”) എന്നാണ് അദ്ദേഹം കുറിച്ചത്. #ceasefireviolated എന്ന ഹാഷ്‌ടാഗും അദ്ദേഹം ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം രാത്രി ജമ്മു കശ്മീരിലെ ശ്രീനഗർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും ഡ്രോണുകൾ കണ്ടെത്തി തകർത്തശേഷം, പാകിസ്താൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇന്ത്യൻ സായുധ സേന മറുപടി നൽകുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര സ്ഥിരീകരിച്ചു. സാഹചര്യം “ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും” കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു.