ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്താൻ. തങ്ങൾ വെടിനിർത്തൽ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാറിന്റെ വാദം. അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) വെടിവയ്പ്പ് ആവർത്തിച്ചാൽ തങ്ങളുടെ സായുധ സേന തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.
പാകിസ്താന് ഒരു വെടിനിർത്തൽ ലംഘനവും നടത്താൻ കഴിയില്ല, അതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുമില്ല. ഇത് ആഘോഷത്തിന്റെ നിമിഷമാണ്, ഇത് നമ്മുടെ വിജയമായതിനാൽ ആളുകൾ സന്തോഷിക്കുന്നു,” ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക് മന്ത്രി ദി ഡോൺ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പാകിസ്താൻ ഡിജിഎംഒ ചർച്ചയ്‌ക്കായി ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെടുകയും വെടിനിർത്തലിനും സൈനിക നടപടികൾ നിർത്തിവെക്കാനുമുള്ള ധാരണയിലെത്തുകയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. എന്നാൽ വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാകിസ്താൻ ഇത് ലംഘിച്ചു. അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയും ജമ്മുവിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങളും ഉണ്ടായി. ഇതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും പാകിസ്താന് താക്കീത് നൽകുകയും ചെയ്തു.
സ്ഥിതിഗതികൾ “ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും” കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാകിസ്താനോട് രാത്രി വൈകി നടത്തിയ മാധ്യമസമ്മേളനത്തിൽ ആവശ്യപ്പെട്ടു.















