രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്ന് യുവ ബാറ്റർ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ മെയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കാനിരിക്കെ, ഗിൽ ടീമിനെ നയിക്കാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ വൈസ് ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറ യെ ബിസിസിഐ പരിഗണിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിക്കുകയും ചെയ്തെങ്കിലും, പരിക്കിന്റെ പശ്ചാത്തലത്തിലാണ് സ്ഥിരം നായകത്വത്തിന് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിശദീകരണം
രോഹിത്തിന്റെ പെട്ടെന്നുള്ള വിരമിക്കൽ വാർത്തയ്‌ക്ക് ദിവസങ്ങൾക്ക് ശേഷം, ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബോർഡിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, 36 കാരനോട് തീരുമാനം പുനഃപരിശോധിക്കാൻ ബോർഡ് ആവശ്യപ്പെട്ടതയാണ് സൂചന.
25 കാരനായ ശുഭ്മാൻ ഗിൽ ഒരു ടെസ്റ്റിലോ ഏകദിനത്തിലോ ഇന്ത്യയെ നയിച്ചിട്ടില്ലെങ്കിലും, 2024 ലെ സിംബാബ്‌വെ പര്യടനത്തിൽ ഗിൽ അഞ്ച് ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റനായി. കൂടാതെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെയും നയിച്ചിട്ടുണ്ട്. 32 ടെസ്റ്റുകളിൽ നിന്ന്, വലംകൈയ്യൻ ബാറ്റർ അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 35.05 ശരാശരിയിൽ 1893 റൺസ് നേടിയിട്ടുണ്ട്.
മറുവശത്ത്, ഋഷഭ് പന്തിനെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. 33 വയസ്സിനു മുകളിൽ പ്രായമുള്ള കെ.എൽ. രാഹുലിനെ ഒരു ഓപ്ഷനായി പരിഗണിക്കുന്നില്ലെന്നാണ് സൂചന.ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റ് പരമ്പര ജൂൺ 20 ന് ഹെഡിംഗ്ലിയിൽ ആരംഭിക്കും, ഇത് ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ തുടക്കം കൂടിയാണ്.















