ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് ഭീകരരെ മാത്രമെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നൂറിലധികം ഭീകരരെ വധിച്ചു. നിരപരാധികളെ വധിച്ചതിനുള്ള മറുപടിയാണിത്. കസബിന്റെ പരിശീലനകേന്ദ്രവും തകർക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസിന്റെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ ഓപ്പറേഷനിലൂടെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെ വധിച്ചു. തിരിച്ചടി ഭയന്ന് ചില ഭീകരർ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോയിരുന്നു. കൊടും ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ ഭീകരകേന്ദ്രം തകർക്കാനായി. മുരിദ്കെ പ്രധാന ലക്ഷമായിരുന്നു. ലഷകർ ഇ ത്വയ്ബ ഭീകരന്മാരായ കസബിനെയും ഹെഡ്ലിയെയും പരിശീലിപ്പിച്ചത് മുരിദ്കെയിൽ വച്ചായിരുന്നു. പാകിസ്താന്റെ ജനവാസമേഖലയിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും സേന വ്യക്തമാക്കി.
അതേസമയം, അതിർത്തിയിൽ എവിടെയെങ്കിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി പ്രതിരോധിക്കണമെന്നും തിരിച്ചടിക്കണമെന്നും സൈനിക കമാൻഡർമാർക്ക് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യണമെന്നും ഉപേന്ദ്ര ദ്വിവേദി നിർദേശിച്ചു.
കരസേനാ കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉപേന്ദ്ര ദ്വിവേദി പ്രത്യാക്രമണത്തിന് പൂർണസ്വാതന്ത്ര്യം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പ്രകോപനപരമായി നേരിയ ചലനമുണ്ടായാലും പ്രതിരോധിക്കണം. അതിന് എല്ലാ കമാൻഡർമാർക്കും പൂർണ അധികാരം നൽകിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.