ന്യൂഡൽഹി: വിദേശമാധ്യങ്ങളുടെ ചോദ്യത്തിന് കള്ളങ്ങൾ മാത്രം മറുപടി നൽകുന്നത് തുടർന്ന് പാകിസ്താൻ. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ലോകത്തിനുമുന്നിൽ പച്ചക്കള്ളം വിളമ്പിയത്. പാകിസ്താനിൽ ഭീകരനേതാക്കളോ ഭീകര സംഘടനകളോ സജീവമാണോയെന്ന ബിബിസിയുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ‘ഇല്ലെ’ന്നായിരുന്നു ഖ്വാജ യുടെ മറുപടി.
പാകിസ്താൻ ഭീകരരെയോ ഭീകര സംഘടനകളെയോ സംരക്ഷിക്കുന്നില്ല, പാകിസ്താനിൽ താമസിക്കുന്നവർ പാകിസ്താനിലോ ഇന്ത്യയിലോ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താനിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഭീകരർ 80 കളിൽ അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ പദ്ധതികളുടെ സഖ്യകക്ഷികളായിരുന്നുവെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു.
“ഈ ഭീകര നേതാക്കൾ ഇപ്പോൾ ഇല്ല, അവർ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല, പക്ഷേ പാകിസ്താനിലോ ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തോ മറ്റേതെങ്കിലും രാജ്യത്തോ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല,” ഖ്വാജ പറഞ്ഞു.
നേരത്തെ പഹൽഗാം ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് നെറ്റ്‌വർക്ക് സ്കൈ ന്യൂസ് ഖ്വാജയോട് പാകിസ്താന്റെ “ഭീകര സംഘടനകൾക്ക് പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ നീണ്ട ചരിത്രത്തെക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് “കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ യുഎസിനു വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്” എന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ കുറ്റസമ്മതം.