തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കുടുംബാംഗങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് കോടതിയിൽ തെളിഞ്ഞു.
2017 ഏപ്രിൽ ഒമ്പതിന് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിലായിരുന്നു കൂട്ടക്കൊല നടന്നത്. ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ വച്ചാണ് അച്ഛൻ പ്രൊഫ.രാജ തങ്കം, അമ്മ ഡോ. ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ പ്രതി കൊല്ലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പുകയും ദുർഗന്ധവും ഉയർന്നതോടെ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്. പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ചെന്നൈയിലേക്ക് പോയി. 10 ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.