ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ ജമ്മു, ശ്രീനഗർ, അമൃത്സർ, ഛണ്ഡീഢ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർലൈൻസ് വിമാനങ്ങളാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചത്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദിക്കയതായി എയർ ഇന്ത്യ അറിയിച്ചു.
ഛണ്ഡീഗഢ്, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.
യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമായ മുൻഗണയെന്നും അതിനാലാണ് അടിയന്തര നടപടിയെന്നും ഇൻഡിഗോ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. എന്നാൽ സർവീസുകൾ തുടങ്ങുന്നതിനെ കുറിച്ച് അധികൃതർ വ്യക്തമാക്കിയിരുന്നില്ല.















