ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത മൂന്ന് പാകിസ്താൻ ഭീകരരുടെ പോസ്റ്ററുകൾ പുറത്തുവിട്ട് ജമ്മു കശ്മീർ സുരക്ഷാ ഏജൻസികൾ. ഭീകരത രഹിത കശ്മീർ’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഭീകരരെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പോസ്റ്ററുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി കർശനമായും രഹസ്യമായി സൂക്ഷിക്കുമെന്ന് ഏജൻസികൾ ഉറപ്പുനൽകിയിട്ടുണ്ട്.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അനന്ത്‌നാഗ് സ്വദേശിയായ ആദിൽ ഹുസൈൻ തോക്കർ, പാകിസ്താനിൽ നിന്നുള്ള അലി ഭായ് അഥവാ തൽഹ ഭായ്, ഹാഷിം മൂസ അഥവാ സുലൈമാൻ എന്നിവരാണ് ആക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ. ഭീകരർക്ക് മറുപടി നൽകി ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു.