ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏപ്രിലില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.16% ല്‍ എത്തി. പ്രധാനമായും പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവ് മൂലമാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ 3.34% ആയിരുന്നു പണപ്പെരുപ്പമെന്ന് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2025 മാര്‍ച്ചില്‍ 3.34% ആയി കുറഞ്ഞു. 2024 ഏപ്രിലില്‍ 4.83% ഉം ആയിരുന്നു ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം. ഇത് പണപ്പെരുപ്പം സ്ഥിരമായ കുറഞ്ഞു വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 2019 ജൂലൈയിലായിരുന്നു ഇതിനു മുന്‍പത്തെ താഴ്ന്ന നിരക്ക്, 3.15%.
ഭക്ഷ്യ പണപ്പെരുപ്പവും കുറഞ്ഞു. 2025 ഏപ്രിലില്‍ 1.78% മാത്രമാണ് ഭക്ഷ്യ പണപ്പെരുപ്പം. 2024 ഏപ്രിലില്‍ രേഖപ്പെടുത്തിയ 8.7% ല്‍ നിന്ന് വളരെയധികം താഴെയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് രാജ്യത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണ്.
ആര്‍ബിഐക്ക് അധികപ്പണി
പണപ്പെരുപ്പം 4% ല്‍ സ്ഥിരതയോടെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലക്ഷ്യം. പണപ്പെരുപ്പം കുറഞ്ഞത് കണക്കിലെടുത്ത് റിപ്പോ നിരക്കുകള്‍ കേന്ദ്ര ബാങ്ക് രണ്ട് ഘട്ടങ്ങളിലായി 50 ബേസിസ് പോയിന്റുകള്‍ കുറച്ചു കഴിഞ്ഞു. പണപ്പെരുപ്പം തീരെ കുറയുന്നതും സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ആശാസ്യമല്ല.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 4% ആയിരിക്കുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തില്‍ 3.6%, രണ്ടാം പാദത്തില്‍ 3.9%, മൂന്നാം പാദത്തില്‍ 3.8%, അവസാന പാദത്തില്‍ 4.4% എന്നിങ്ങനെയാണ് പ്രവചനം.
ഭക്ഷ്യ, ക്രൂഡ് ഓയില്‍ വിലകള്‍ മയപ്പെടുത്തുന്നത് പണപ്പെരുപ്പം ആര്‍ബിഐയുടെ 4% ലക്ഷ്യത്തില്‍ താഴെയാക്കാന്‍ സാധ്യതയുണ്ടെന്ന് ആനന്ദ് രാതി ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സുജന്‍ ഹജ്ര പറയുന്നു. ഇത് വരാനിരിക്കുന്ന ആര്‍ബിഐ ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്‌ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.
കേരളം നമ്പര്‍ വണ്‍
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. ഏപ്രിലില്‍ 5.94 ശതമാനം പണപ്പെരുപ്പമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ 6.59 ശതമാനത്തില്‍ നിന്ന് നേരിയ കുറവ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലകളടക്കം ഉയര്‍ന്നു നില്‍ക്കുന്നതാണ് ജനജീവിതം ദുസഹമാക്കുന്നത്.
കേരളം കഴിഞ്ഞാല്‍ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പം കര്‍ണാടകയിലാണ്, 4.26 ശതമാനം. ജമ്മു കശ്മീരില്‍ 4.25 ശതമാനവും പഞ്ചാബില്‍ 4.29 ശതമാനവുമാണ് പണപ്പെരുപ്പം. തെലങ്കാനയിലാണ് ഏറ്റവും കുറവ് പണപ്പെരുപ്പം, 1.26 ശതമാനം.
പണപ്പെരുപ്പം ചുരുങ്ങിയാല്‍ സന്തോഷം
പണപ്പെരുപ്പം കുറയുന്നത് എല്ലാവര്‍ക്കും സന്തോഷവാര്‍ത്തയാണ്. പ്രത്യേകിച്ച് വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്നവര്‍ക്ക്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍ അത് പലിശ കുറഞ്ഞ വായ്പകള്‍ക്കും, മികച്ച വാങ്ങല്‍ ശേഷിക്കും, ജീവിതച്ചെലവില്‍ മൊത്തത്തിലുള്ള പുരോഗതിക്കും കാരണമാകും. സര്‍ക്കാരിനും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസകരമായ സാഹചര്യമാണിത്.















