കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട്, കോരൻചിറ സ്വദേശിനിയായ അർച്ചന തങ്കച്ചനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് അർച്ചന യുവാവിൽ നിന്നും പണം തട്ടിയത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി അതിവിദഗ്ധമായാണ് യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയത്.
രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ യുവാവിൽ നിന്നും വാങ്ങി. 2023-ലാണ് വിദേശത്തെ ജോലി കാര്യം പറഞ്ഞ് പ്രതി യുവാവിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. പലരിൽ നിന്നും യുവതി പണം വാങ്ങിയിട്ടുണ്ട്. സമാനകുറ്റം ചെയ്തതിന് പ്രതിക്കെതിരെ എറണാകുളം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിന് പിന്നാലെ ഒളിവിൽ പോയ യുവതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.