തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായ ശ്യാമിലിയെ തല്ലിച്ചതച്ച സംഭവത്തിൽ മുതിർന്ന അഭിഭാഷകൻ ബെയ്ലിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്യാമിലിയുടെ കുടുംബം ഉന്നയിക്കുന്നത്. പ്രതി നേരത്തെയും ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോൾ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും സീനിയർ ആയതിനാലാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പ്രതികരിച്ചു.
“ഒരുപാട് തവണ ജോലി നിർത്താൻ തീരുമാനിച്ചപ്പോഴും വീട്ടിൽ വന്ന് കാല് പിടിക്കുന്നത് പോലെ പറഞ്ഞതിനാലാണ് വീണ്ടും മകൾ ജോലിക്ക് കയറിയതെന്ന് ശ്യാമിലിയുടെ അമ്മ വസന്ത പറഞ്ഞു. മകൾക്ക് സിഎയ്‌ക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജോലി അവസാനിപ്പിക്കാൻ ഒരുപാട് ആലോചിച്ചിരുന്നു. അപ്പോഴെല്ലാം അയാൾ വീട്ടിൽ വന്ന് സംസാരിക്കും. എന്നെ വിളിച്ചും സംസാരിക്കും. ആദ്യമൊക്കെ സ്നേഹമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞ് കുട്ടിയായപ്പോൾ ദേഷ്യമായി”.
അയാളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് ഉണ്ടായത്. മകൻ കോടതിയിലേക്ക് പോയപ്പോൾ കാലിൽ പിടിച്ച് മാപ്പ് ചോദിച്ചു. എനിക്ക് മക്കളും കുടുംബവും ഉള്ളതാണ്. എന്നെ നാറ്റിക്കരുത്. ഈ പ്രശ്നം പരിഹരിക്കാം. എന്നൊക്കെ പറഞ്ഞ് കരഞ്ഞ് കാലുപിടിച്ചു. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് അയാൾ ഓടിരക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ട ശിക്ഷ കൊടുക്കണം. അതിന് ഏതറ്റംവരെയും പോകാൻ തങ്ങൾ തയാറാണെന്നും അമ്മ പറഞ്ഞു.