ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോട് വിശദീകരിച്ച് ഇന്ത്യൻ സായുധ സേന. പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്, നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവർ രാഷ്‌ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ഭീകരതയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിൽ സായുധസേനയുടെ ധീരതയെയും അർപ്പണബോധത്തെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദവിവരങ്ങൾ സായുധസേന മേധാവികൾ രാഷ്‌ട്രപതിയോട് വിശദീകരിച്ചു. സായുധസേന മേധാവികളെ സന്ദർശിച്ചതിന്റെ ചിത്രം രാഷ്‌ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മെയ് ഏഴ് മുതൽ 10 വരെ തുടർന്ന ഓപ്പറേഷൻ സിന്ദൂർ എങ്ങനെ ആസൂത്രണം ചെയ്തുവെന്നും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തെ കുറിച്ചും സായുധസേന വിശദീകരിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെയും ഒമ്പത് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യൻ സൈന്യം തകർത്തത്. പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും സേനയുടെ തിരിച്ചടിയിൽ തകർന്നുതരിപ്പണമായി.















