സൂറത്ത്: പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയിൽ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. 22 ആഴ്ച വളർച്ചയുള്ള ഭ്രൂണം ഡിഎൻഎ പരിശോധനയ്‌ക്കായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗർഭം തുടരുന്നത് യുവതിക്ക് മാനസിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.
13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് യുവതി അറസ്റ്റിലായത്. സൂറത്തിലെ ജയിലിലുള്ള അദ്ധ്യാപികയ്‌ക്കെതിരെ പോക്സോയ്‌ക്ക് പുറമേ തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
അഞ്ച് വർഷമായി 13 കാരൻ യുവതിയുടെ അടുത്ത് നിന്നും ട്യൂഷൻ പഠിക്കുന്നുണ്ട്. അദ്ധ്യപികയുടെ വീട്ടിൽ വച്ചും വഡോദരയിലെ ഹോട്ടലിൽ വച്ചും 13കാരനുമായി അദ്ധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏപ്രിൽ 25ന് 13 കാരനെ അദ്ധ്യാപിക തട്ടിക്കൊണ്ടു പോയതൊടെയാണ് വിവരം പുറത്ത് വരുന്നത്. ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ച് ഇരുവരും അറസ്റ്റിലായി. പിടിയിലാകുന്ന സമയത്ത് അദ്ധ്യാപിക ഗർഭിണിയായിരുന്നു. ഗർഭത്തിന് ഉത്തരവാദി 13 കാരനാണെന്ന് മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസ്.















