ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ പ്രതിരോധ സംവിധാനം ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കാനുള്ള ശ്രമങ്ങൾക്ക് ഭാർഗവാസ്ത്ര മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ഭാർഗവാസ്ത്ര രൂപകൽപന ചെയ്തതും വികസിപ്പിച്ചതും സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (SDAL) ആണ്. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്‌ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ കൈവരിക്കുകയും ചെയ്തുവെന്ന് സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
#WATCH | A new low-cost Counter Drone System in Hard Kill mode ‘Bhargavastra’, has been designed and developed by Solar Defence and Aerospace Limited (SDAL), signifying a substantial leap in countering the escalating threat of drone swarms. The micro rockets used in this… pic.twitter.com/qM4FWtEF43
— ANI (@ANI) May 14, 2025
2.5 കിലോമീറ്റർ വരെ ദൂരത്തിൽ വരുന്ന ചെറുതും വലുതുമായ ഡ്രോണുകൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകൾ ‘ഭാർഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തടസ്സമില്ലാതെ വിന്യാസം നടത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംവിധാനം സൈന്യത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.