തൃശൂർ എരുമപ്പെട്ടിയിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരി പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ചാർജ്ജെടുത്തത്. 6 വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12:30ന് പള്ളിമേടയിലെത്തിയ കപ്യാരാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈദികനെ കാണാത്തതിനെ തുടർന്ന് കപ്യാർ കൈക്കാരനെ വിവരമറിയിച്ചു.
തുടർന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് അച്ചൻ തൂങ്ങി നിൽക്കുന്നതായി കണ്ടത്. പള്ളിമണിയടിക്കുന്നതിനായി വികാരിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത് . പള്ളി ജീവനക്കാരും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി, മേൽ നടപടികൾ സ്വീകരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.















