മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചുകൊണ്ടുപോയി കൊന്നു. മലപ്പുറം അടയ്‌ക്കാകുണ്ട് പാറശ്ശേരിഎന്ന സ്ഥലത്താണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വന്യജീവി പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
പുലർച്ചെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് ഗഫൂറിനെ വന്യജീവി ആക്രമിച്ചുവെന്ന വിവരം പൊലീസിനെ അറിയിച്ചത്.സ്ഥലത്ത് പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. ആക്രമിച്ചത് കടുവയാകാമെന്നാണ് വനംവകുപ്പിന്റെ സംശയം. വനാതിർത്തിയുള്ള മലയോരമേഖലയായതിനാൽ ഇതിനുമുൻപും ഇവിടെ വന്യജീവി ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.















