ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. ഭീകരസംഘടനയായ ടിആർഎഫിന് എതിരായ തെളിവുകൾ ഇന്ത്യ യുഎന്നിന് കൈമാറി. പാകിസ്താൻ ടിഎആർഎഫിനെ സ്പോൺസർ ചെയ്യുന്നതിന്റെ കൃത്യമായ തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.
യുഎൻ അണ്ടർ സെക്രട്ടറി ജനറൽ വ്ലാഡമിർ വോറോങ്കോവും തീവ്രവാദവിരുദ്ധ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ നതാലിയ ഗെർമാനുമായി ഇന്ത്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ടിആർഎഫും ലഷ്കർ ഇ തൊയ്ബയും തമ്മിലുള്ള അടുത്ത ബന്ധം, ലഷ്കർ ജമ്മുകശ്മീരിൽ ടിആർഎഫിന്റെ പ്രവർത്തനം, പഹൽഗാം ഭീകരാക്രണത്തിൽ ഇവരുടെ പങ്ക് തുടങ്ങിയ തെളിവുകൾ സഹിതം ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. പാകിസ്താൻ പറയുന്നത് പോലെ ടിആർഎഫ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സംഘടനയെല്ലെന്നും മറിച്ച് ആളുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരസംഘടനയാണെന്നും ഇന്ത്യ തുറന്നടിച്ചു.
പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആദ്യം രംഗത്തിയ ഭീകരസംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) അനുബന്ധ സംഘടനയാണിത് . ടിആർഎഫിനെ അന്താരാഷ്‌ട്ര ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രണ്ട് വർഷം മുൻപും ഇന്ത്യ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് പാകിസ്താനും ചൈനയും ഇന്ത്യയും ഇതിനെ എതിർത്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീക്കം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.