ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിനെത്തുടർന്ന് അറസ്റ്റിലായശേഷം പാക് അധികാരികൾ ഇന്ത്യക്ക് കൈമാറിയ ബിഎസ്എഫ് ജവാന് പാക് കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് റിപ്പോർട്ടുകൾ. പാകിസ്താൻ ഉദ്യോഗസ്ഥർ മുഴുവൻ സമയവും തന്റെ കണ്ണുകൾ കെട്ടിയിരുന്നതായും ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണംകുമാർ ഷാ വെളിപ്പെടുത്തി.
അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചു. തന്നെ പല്ലുതേയ്‌ക്കാൻ പോലും അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും പൂർണംകുമാർ ഷാ പറഞ്ഞു. തടവിലായിരുന്ന കാലയളവിൽ പാകിസ്താനിലെ മൂന്ന് അജ്ഞാത സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. അതിലൊന്ന് വിമാനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു വ്യോമതാവളത്തിനടുത്തായിരുന്നുവെന്നും ബിഎസ്എഫ് ജവാൻ ഓർക്കുന്നു.
ഒരു സ്ഥലത്ത് ജയിൽ സെല്ലിനുള്ളിൽ അടയ്‌ക്കുകയും ചെയ്തു. സംസാരിക്കുന്ന സമയത്ത് കണ്ണിലെ കെട്ടുകൾ മാറ്റിയിരുന്നു. സിവിലിയൻ വേഷം ധരിച്ച പാകിസ്താൻ ഉദ്യോഗസ്ഥർ അതിർത്തിയിലെ ബിഎസ്എഫ് വിന്യാസത്തെക്കുറിച്ച് പൂർണം കുമാറിനോട് ചോദിക്കുകയും അന്താരാഷ്‌ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകാനും അദ്ദേഹത്തോട് സമ്മർദ്ദം ചെലുത്തിയിരുന്നു, എന്നാൽ പിടികൂടിയ സമയത്ത് പൂർണം കുമാറിന്റെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ, ബിഎസ്എഫ് പ്രോട്ടോക്കോൾ അനുസരിച്ച്, നമ്പറുകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. 21 ദിവസം പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന പൂർണം കുമാർ ഷായെ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്.















