കോഴിക്കോട്: പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ 17-കാരിയെ പ്രതികൾ കേരളത്തിലെത്തിച്ചത് വീട്ടുജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുമായ അസം സ്വദേശിയെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ എത്തിച്ചുനൽകുന്നതിന് കാമുകിയാണ് ഒത്താശ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഡിഷയിൽ നിന്നാണ് പ്രതി ഫുർഖാൻ അലിയെയും കാമുകി അക്ലിമ ഖാതുനെയും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ നഗരത്തിലെ ഒരു ലോഡ്ജിൽ താമസിപ്പിച്ച് പലർക്കും കാഴ്ചവയ്‌ക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കേരളത്തിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് കോഴിക്കോട് എത്തിക്കുകയായിരുന്നു. സംഘത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പെൺവാണിഭ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പണം സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പെൺകുട്ടിയെ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിനിടെ പലരും പെൺകുട്ടിയെ പീഡിപ്പിച്ചു. നഗ്നവീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് സംഘം 17-കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്തതോടെ പ്രതികൾ കേരളംവിട്ടു. പിന്നീട് പ്രതികൾ ഒഡിഷ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഒഡിഷയിലേക്ക് തിരിക്കുകയായിരുന്നു.