ആലപ്പുഴ: 1989 ലെ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകൾ പൊട്ടിച്ച് കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സുധാകരനും സിപിഎമ്മും നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് തുല്യമാണെന്നും കമ്മീഷൻ വിലയിരുത്തി.
വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കാനും കേസെടുക്കാനും ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് ചട്ടലംഘനം, ഭാരതീയ ന്യായസംഹിത തുടങ്ങിയ വകുപ്പുകൾ ചുമത്തും.
ആലപ്പുഴ എൻജിഒ യൂണിയൻ പരിപാടിക്കിടെയാണ് ജി സുധാകരന്റെ വിവാദ വെളിപ്പെടുത്തൽ. 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകൾ പൊട്ടിച്ച് അത് സിപിഎം സ്ഥാനാർത്ഥിയായ കെ. വി ദേവദാസിന് അനുകൂലമായി രേഖപ്പെടുത്തിയെന്നാണ് സുധാകരന്ർറെ വാക്കുകൾ. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിൽ വച്ചാണ് തപാൽ വോട്ടുകൾ തിരുത്തിയതെന്നും സുധാകരൻ പറഞ്ഞിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. കേസടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ വീരവാദം മുഴക്കിയിരുന്നു.