പട്ടാമ്പി: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് ക്രൂരമർദ്ദനം. പട്ടാമ്പി കൊടല്ലൂർ സ്വദേശി കെ.ടി ഹാഫീസിനാണ് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിക്ക് പരിക്കേറ്റ 17 കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പറഞ്ഞു തീർക്കാനായാണ് ഹാഫീസും കൂട്ടുകാരും പട്ടാമ്പി കൽപ്പക സെന്ററിൽ എത്തിയത്. 15 പേരടങ്ങുന്ന സംഘം അവിടെയുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ എതിർ പക്ഷത്തുണ്ടായിരുന്ന ഒരാൾ ഇരുമ്പ് വടികൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നുവെന്ന് ഹാഫിസ് പറയുന്നു. പരാതി നൽകിയെങ്കിലും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ഹാഫിസിന്റെ കുടുംബം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാലു പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും കാര്യമായ വകുപ്പുകൾ ഒന്നും ചുമത്താതെയാണ് പൊലീസ് കേസെടുത്തതെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.