എറണാകുളം: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ കുടുതൽ നടപടികളിലേക്ക് കടക്കുമെന്ന് സിഐഎസ്എഫ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ഐവിൻ ജിജു എന്ന യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൊലപാതകത്തിൽ സിഐഎസ്എഫ് മുതിർന്ന ഉദ്യോഗസ്ഥർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിനിടെ വിനയകുമാറിന് പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.















