കാസർകോട്: ആൺസുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്ത മകനോട് കൊടുംക്രൂരത. പത്ത് വയസുകാരനായ കുട്ടിയെ ചായപാത്രം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. കീക്കാനം സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്തത്.
ആൺസുഹൃത്തായ കള്ളാർ സ്വദേശിയുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു യുവതി. ഇയാളുമായി സംസാരിക്കുന്നതിനെ മകൻ നേരത്തെയും ചോദ്യം ചെയ്തിട്ടുണ്ട്. അച്ഛനോട് പറയുമെന്ന് പറഞ്ഞ കുട്ടിയെ യുവതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം 28-നാണ് സംഭവം. ആൺ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ മകൻ യുവതിയുടെ അടുത്തേക്ക് വന്നിരുന്നു. അവിടെ നിന്ന് മാറിനിൽക്കാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ചൂട് ചായപാത്രം ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവർ സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്നും പരാതിയിൽ പറയുന്നുണ്ട്.















