ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.”സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള ചർച്ചകളിൽ കശ്മീർ വിഷയവും ഉൾപ്പെടുമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ ഇന്ത്യ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
നേരത്തെ സിന്ധു-നദീജല കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചതിനുപിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കാമ്ര വ്യോമതാവളം സന്ദർശിച്ച ശേഷമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർക്കൊപ്പമാണ് ഷെഹ്ബാസ് ഷെരീഫ് വ്യോമതാവളത്തിലെത്തിയത്.
അതേസമയം പാകിസ്താനുമായി ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് ഭീകരരെയോ, പാക് അധിനിവേശ കശ്മീരോ ഇന്ത്യക്ക് കൈമാറുന്നതിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. “ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, ഭീകരത, വ്യാപാരം, ചർച്ചകൾ എന്നിവ ഒരുമിച്ച് ചെയ്യാൻ കഴിയില്ല,” ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ അതിർത്തിയിലെ വെടിനിർത്തൽ ധാരണയുമായി ബന്ധപ്പെട്ട ഡിജിഎംഒ തല ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.