ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതിയോട് യുവതിയെ വിവാഹം കഴിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മദ്ധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ച പ്രതിയോടാണ് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ ബി വി നാഗരത്ന എസി, സി ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
പ്രതിയുടെയും യുവതിയുടെയും ബന്ധുക്കളോട് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കക്ഷികൾക്ക് സംസാരിക്കാനും വിവാഹനിശ്ചയം നടത്താനും താത്പര്യമുണ്ടാ എന്ന് കോടതി ചോദിച്ചു. പിന്നീട് ആലോചിക്കാൻ ഇരുവർക്കും സമയവും കൊടുത്തു. ഇതോടെ ഇരുവരും തയാറാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. വിവാഹത്തിന്റെ തീയതിയും മറ്റ് കാര്യങ്ങളും രക്ഷിതാക്കൾ തീരുമാനിക്കണമെന്നും വിവാഹം ഉടൻ നടത്തണമെന്നും കോടതി നിർദേശിച്ചു.
2016-ലാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് 2021 വരെ ഇവർ ഒരുമിച്ച് താമസിച്ചു. വിവാഹം വാഗ്ദാനം നൽകി നിരവധി തവണ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് കാമുകൻ പിന്മാറിയതോടെ യുവതി പരാതി നൽകുകയായിരുന്നു.
വിവാഹത്തിന് തയാറാണെന്ന് കാണിച്ച് പ്രതി 2024 സെപ്റ്റംബറിൽ മദ്ധ്യപ്രദേശ് സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇത് കോടതി തള്ളിയിരുന്നു. തുടർന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.