അഹമ്മദാബാദ്: വ്യോമസേനാംഗങ്ങളുമായി സംവദിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഗുജറാത്തിലെ ഭുജിലെത്തി. വ്യോമസേനാംഗങ്ങളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗിനോടൊപ്പമാണ് അദ്ദേഹം എത്തിയത്.
2001-ൽ ഭുജിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മൃതിമണ്ഡപത്തിലെത്തി ആദരാഞ്ജലി അർപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം വ്യോമസേനയുമായുള്ള പ്രതിരോധ മന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞദിവസം ജമ്മുകശ്മീരിലെത്തി സുരക്ഷാസേനയുമായി സംവദിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ സൈനികരെ അദ്ദേഹം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് രാജ്നാഥ് സിംഗ് എടുത്തുപറഞ്ഞു.
ഭീകരർ എവിടെ ഒളിച്ചിരുന്നാലും ഇന്ത്യൻ സൈന്യം കണ്ടെത്തും. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ലക്ഷ്യം വ്യക്തമാക്കി കൊടുത്തു. പാകിസ്താനിലുള്ള ഭീകരരെയും അവരെ സംരക്ഷിക്കുന്നവരെയും വെറുതെവിടില്ല. ഭാരതത്തിനെതിരെ നിരന്തരം ആണവഭീഷണിയുയർത്തുന്ന പാകിസ്താൻ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നും രാജ്നാഥ് സിംഗ് വിമർശിച്ചു.















