കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന ബാല പീഡനത്തിന്റെ ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ഫോണിൽ നിന്നും കണ്ടെടുത്തത്. പോക്സോ വകുപ്പ് ചുമത്തിയതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇന്നലെയാണ് 120 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. സ്റ്റേഷൻ ജാമ്യം നൽകുന്നതിന് മുന്നോടിയായി പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിശദമായ പരിശോധനയിൽ പല തീയതികളിൽ ചിത്രീകരിച്ച സമാന രീതിയിലുള്ള നിരവധി വീഡിയോകൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് കാലമായി കുഞ്ഞിനെ പ്രതി ഉപദ്രവിച്ചിരുന്നു എന്നാണ് സൂചന. ഇയാൾ രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയുടെ ഫോൺ പൊലീസ് ഫൊറൻസിക്ക് പരിശോധനയ്‌ക്ക് അയക്കും.