ശ്രീനഗർ: ജമ്മുകശ്മീരിൽ പൊലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സംയുക്ത ഓപ്പറേഷനിൽ ആറ് ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വി കെ ബിർഡി. കഴിഞ്ഞ 48 മണിക്കൂറായി കശ്മീരിലെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും കശ്മീർ താഴ്വരയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവന്തിപോറയിൽ സുരക്ഷാസേന നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
കശ്മീരിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനുള്ള പദ്ധതികൾ അവലോകനം ചെയ്തുവരികയാണ്. ഷോപ്പിയാൻ, ത്രാൽ മേഖലകളിൽ കഴിഞ്ഞ 48 മണിക്കൂർ നീണ്ട ഓപ്പറേഷൻ നടത്തി. കശ്മീർ താഴ്വരയിലെ ഭീകരവാദം അവസാനിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
കേലാറിലെ പ്രദേശങ്ങളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിരുന്നു. 12, 13 തീയതികളിൽ ഓപ്പറേഷൻ നടത്തി. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്നുകൊണ്ട് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഈ സമയത്ത് പ്രദേശത്തെ സാധാരണക്കാരെ രക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടായ് രാജ്യത്ത് നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നെന്നും സുരക്ഷാസേന വ്യക്തമാക്കി.















