തിരുവനന്തപുരം: തുർക്കി ഏവിയേഷൻ കമ്പനിയായ സെലെബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനം ടിവിയിലൂടെ പങ്കുവച്ചതിന് എയർ ഇന്ത്യ മുൻ ഉദ്യോഗസ്ഥന് പാകിസ്താനിൽ നിന്നും വധഭീഷണി. എ. വി മോഹനനാണ് വാട്സ്ആപ്പ് കോളിലൂടെ ഭീഷണി ലഭിച്ചത്. സെലെബിയുമായി ബന്ധപ്പെട്ട ജനം ടിവി ഡിബേറ്റിലായിരുന്നു നിർണ്ണായകമായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത്.
എ. വി മോഹനന്റെ മകളുടെ മൊബൈൽ ഫോണിലാണ് ഭീഷണി എത്തിയത്. ട്രൂകോളർ പ്രകാരം പാകിസ്താനാണ് ഉറവിടം. ഇമെയിൽ ഐഡിയുടെ സ്ഥാനത്ത് sajjadahmedd4460@gmail.com എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. +92347299210 എന്ന നമ്പറിൽ നിന്നാണ് മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മോഹനൻ ജനം ടിവിയോട് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. മകൾക്ക് രണ്ടു ഭാഷകളും നന്നായി അറിയാം. എന്റെ കോൺക്ട് നമ്പറും വിശദാംശങ്ങളുമാണ് അവർ ആവശ്യപ്പെട്ടത്. നിലവിൽ തമിഴ്നാട്ടിലാണെന്നും അതിനാൽ നിയമനടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സെലെബിയുടെ സെക്യൂരിറ്റി അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. മെയ് 15 ന് നടപടി പ്രാബല്യത്തിൽ വന്നു. വിമാനത്താവളങ്ങളിൽ കാർഗോയും ഗ്രൗണ്ട് ഹാൻഡ്ലിംഗും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. ഇതേ സുമയ്യയുടെ ഭർത്താവാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ സൈന്യത്തിന് വേണ്ടി ഡ്രോണുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമ. ഡൽഹി, മുംബൈ, ചെന്നൈ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിലാണ് സെലെബി പ്രവർത്തിത്തിച്ചിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ കൈമാറിയത് തുർക്കിയായിരുന്നു.