ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മികവ് പ്രകടിപ്പിച്ചുവെന്ന് യുഎസ് മുൻ സൈനിക ഓഫീസർ ജോൺ സ്പെൻസർ. പാകിസ്താനിൽ എവിടെയും എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്നും പാകിസ്താൻ ഉപയോഗിക്കുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലുകളുമായി ചെറുത്തുനിൽക്കാനാകില്ലെന്നും ജോൺ സ്പെൻസർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് അഭിമുഖത്തിലായിരുന്നു പ്രതികരണം.
“പാകിസ്താനിൽ ആക്രമണം നടത്തുന്നതിലും പാകിസ്താന്റെ ഡ്രോണുകൾ തകർക്കുന്നതിലും മിസൈലുകളെ പ്രതിരോധിക്കുന്നതിലും ഇന്ത്യൻ സൈന്യം വിജയിച്ചു. ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ചതാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ചൈനീസ്, പാകിസ്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സാധിച്ചു”. ഓപ്പറേഷൻ സിന്ദൂറിനെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ വഴിത്തിരിവ് എന്നാണ് സ്പെൻസർ വിശേഷിപ്പിച്ചത്.
“ഓപ്പറേഷൻ സിന്ദൂർ പാകിസ്താന് കനത്ത നഷ്ടം വരുത്തി. ഇന്ത്യയുടെ രാഷ്‌ട്രീയ, സൈനിക സന്ദേശം എന്താണെന്ന് വ്യക്തമായിരിക്കുന്നു. വരും കാലങ്ങളിൽ രാജ്യത്തെ വിദ്യാർത്ഥികൾ ഈ ഓപ്പറേഷനെ കുറിച്ച് പഠിക്കും. ഭീകരതയ്‌ക്കെതിരെ പോരാടുന്ന മറ്റ് രാജ്യങ്ങൾക്ക് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ”.
സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും സ്പെൻസർ ശക്തമായി പിന്തുണച്ചു. ഭീകരസംഘടനകൾക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പാകിസ്താൻ ചിന്തിക്കണം. അതിനുള്ള ബുദ്ധിപരമായ സമീപനമാണിതെന്നും മുൻ സൈനിക ഓഫീസർ പറഞ്ഞു.