ഗുജറാത്ത്/ഭുജ്: ആഗോള ഭീകരതയ്‌ക്കെതിരെയുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. തദ്ദേശീയ ആയുധങ്ങളുടെ കരുത്ത് ലോകം അറിഞ്ഞു. പാകിസ്താനെ നല്ല നടപ്പിന് വിട്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടത് ട്രെയിലർ മാത്രമാണെന്നും മുഴുവൻ ചിത്രം പിന്നാലെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രഹ്മോസിന്‍റെ പ്രകമ്പനം പാകിസ്താനിൽ മുഴങ്ങിയെന്നും വെറും 23 മിനിറ്റ് കൊണ്ടാണ് പാകിസ്താനെ നിലംപരിശാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23 മിനിറ്റിനെ പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം എന്ന വാക്കുകൾ കൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ഭുജ് വ്യോമതാവളത്തിൽ സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്റെ ഭീകരതയെ തകർക്കാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വെറും 23 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. മിസൈലുകളുടെ മാത്രമല്ല ഇന്ത്യൻ സായുധസേനകളുടെ ധീരതയുടെ പ്രതിധ്വിനി കൂടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ മുഴങ്ങിക്കേട്ടത്. ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമാണ്. യഥാസമയം പൂർണ്ണമായ ചിത്രം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും.
പാകിസ്താൻ ഭാരതത്തിന്റെ പൂർണ്ണസമയ നിരീക്ഷണത്തിലാണ്. പെരുമാറ്റം മെച്ചപ്പെടുത്തിയാൽ പാകിസ്താന് തന്നെ നല്ലത്. അല്ലാത്തപക്ഷം കഠിന ശിക്ഷ നൽകും. വ്യോമസേനയ്‌ക്ക് പാകിസ്താന്റെ എല്ലാ കോണിലും അനായാസം എത്താൻ കഴിയും. അത് ഇതിനകം വ്യക്തമാകുകയും ചെയ്തു, പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് എയർമാർഷൽ എ. പി സിംഗിനും മുഴുവൻ വ്യോമസേനാംഗങ്ങൾക്കും രാജ്നാഥ് സിംഗ് നന്ദി പറഞ്ഞു.















