തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്പ്പറേഷന് ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ഇവിടെ ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹനങ്ങളെ വഴിതിരിച്ചുവിടുന്നതാണ്. പ്രദര്‍ശന വിപണനമേളയില്‍ എത്തിച്ചേരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളു.
കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ട്, പബ്ലിക് ഓഫീസ്, യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, സംസ്കൃത കോളേജ്, ടാഗോര്‍ തിയേറ്റര്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ക്ക് പൂജപ്പുര സ്റ്റേഡിയം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം.
പാളയം രക്തസാക്ഷി മണ്ഡപം-കോര്പ്പറേഷന് ഓഫീസ് മ്യൂസിയം-വെള്ളയമ്പലം റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. വെള്ളയമ്പലം-വഴുതക്കാട് വിമണ്‍സ് കോളേജ് റോഡ്, കോര്പ്പറേഷന് ഓഫീസ്-നന്തന്‍കോട്-ദേവസ്വം ബോര്‍ഡ്-റ്റിറ്റിസി റോഡ്, മ്യൂസിയം-കനകനഗര്‍ റോഡ്, മ്യൂസിയം നന്ദാവനം റോഡ് എന്നിവയുടെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായും ഗതാഗത തടസം സൃഷ്ടിച്ചും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി ട്രാഫിക് നോര്‍ത്ത് സബ്ഡിവിഷന് എസിപി അറിയിച്ചു. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 9497930055, 0471-2558731 എന്നീ നമ്പറുകളില്‍ വിളിക്കാം.