ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി പങ്കജ് സിംഗ്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ബസുകൾ കൊണ്ടുവരുന്നതിനെ കുറിച്ച് നടന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് ആയിരം ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.
പൊതുഗതാഗതം സുഖമമാക്കുന്നതിനായി സർക്കാർ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണെന്നും എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇത് ഒട്ടും കാലതാമസമില്ലാതെ യാത്രക്കാരിലേക്ക് എത്തുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ നീക്കം. ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നിലവിലുള്ള ഇലക്ട്രിക് ബസുകൾ ചെറിയ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. എന്നാൽ ദൂരം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് ഇലക്ട്രിക്ക് ബസുകൾ ഇല്ലാത്തത് യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്. ആളുകൾക്ക് സുഖപ്രദമായ യാത്രാസൗകര്യം ഉറപ്പാക്കാൻ സർക്കാരിന് കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഇലക്ട്രിക് ബസുകൾക്കായി വിവിധ ഡിപ്പോകളിൽ ജോലികൾ പുരോഗമിക്കുകയാണ്. ഡൽഹിയിലെ ജനങ്ങൾക്ക് കാര്യക്ഷമമായ മൊബിലിറ്റി ഓപ്ഷനുകൾ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.