പത്തനംതിട്ട: പത്തനംതിട്ട റാന്നി വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ ജോബിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.മദ്യലഹരിയിൽ നടന്ന തർക്കം കൊലപാതകത്തിലെത്തുകയായിരുന്നു. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖ് ഒന്നാംപ്രതിയും ബന്ധു റെജി രണ്ടാംപ്രതിയുമാണ്.
വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തി.മദ്യലഹരിയിലാണ് ആക്രമണം. ഈ മുറിവിലൂടെ രക്തം വാർന്നാണ് ജോബി മരിച്ചത്. റെജിയുടെ വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വിശാഖ് പുറത്തേക്ക് പോയി, പിന്നാലെ ഫോണിലൂടെ അസഭ്യം വിളിച്ചതാണ് പ്രകോപനമായത്.
മറ്റൊരു സുഹൃത്തിന്റെ കയ്യിൽ നിന്നും കത്തി വാങ്ങി വിശാഖ് റെജിയുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് കത്തി കൊണ്ട് ജോബിയെ കൈത്തണ്ടയിൽ കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം വിശാഖ് കത്തിയുമായി കടന്നു കളഞ്ഞു.ആക്രമണത്തിന് ഉപയോഗിച്ച കത്തി തോട്ടിൽ കഴുകി സുഹൃത്തിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.
ഇന്നലെയായിരുന്നു വടശ്ശേരിക്കരയിലെ വീട്ടിൽ ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.