മുംബൈ: വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നാണ് ഭീകരർ ഇന്ത്യയിലെത്തിയത്. 2023-ൽ മഹാരാഷ്‌ട്രയിലെ പൂനെയിൽ ഐഇഡി നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇരുവരെയും എൻഐഎ അന്വേഷിക്കുകയായിരുന്നു. രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
രണ്ട് വർഷത്തിലേറെ ഒളിവിലായിരുന്നു പ്രതികൾ. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസിൽ എട്ട് ഐഎസ് ഭീകരരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭീകരർക്കെതിരെ കേസെടുത്തത്.
ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതാണ് ഈ അറസ്റ്റെന്നും ഭീകരരയും ഭീകരസംഘടനകളെയും രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.















