ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനായി മോദി സര്‍ക്കാർ രൂപീകരിച്ച വിദേശ പര്യടന സംഘത്തിലെ അംഗങ്ങളുടെ പട്ടിക പുറത്തു വിട്ടു. ശശി തരൂർ(കോൺഗ്രസ്), രവിശങ്കർ പ്രസാദ് (ബി.ജെ.പി), സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു), ശ്രീ ബൈജയന്ത് പാണ്ഡ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി) ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന) എന്നിവരാണ് അംഗങ്ങൾ.
ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. പാകിസ്ഥാനിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിനിധി സംഘം സന്ദർശിക്കുന്ന രാജ്യങ്ങളിലെ സർക്കാരുകൾ, നയതന്ത്രജ്ഞർ, മാധ്യമങ്ങൾ എന്നിവരോട് വിശദീകരിക്കും.ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്ന രാജ്യത്തിന്റെ ശക്തമായ സന്ദേശം പ്രതിനിധികൾ ലോകത്തിന് മുന്നിൽ എത്തിക്കും.
പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ഈ സംഘങ്ങൾ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കും. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യം. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടും ഇവർ അതാത് രാജ്യങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. മെയ് 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം നയതന്ത്ര തലത്തിലെ ഇന്ത്യയുടെ മറ്റൊരു നിര്‍ണ്ണായക നീക്കമാണിത്.
പാക് പ്രകോപനങ്ങൾ, ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകത, അതിന്റെ ലക്ഷ്യങ്ങൾ (ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രം ലക്ഷ്യമിട്ടത്), കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഭാവിയിൽ സമാനമായ നടപടികൾ ഉണ്ടാകാനുള്ള സാധ്യത, ഭീകരത വളർത്തുന്നതിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും പാകിസ്ഥാനുള്ള പങ്ക് എന്നിവയെല്ലാം സംഘം വ്യക്തമാക്കും.















