തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ വിമർശനവുമായി മർദ്ദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി. കാര്യം എന്താണെന്ന് പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുകയാണെന്നും സഹപ്രവർത്തകർ കൂടെ നിൽക്കുന്നില്ലെന്നും ശ്യാമിലി ആരോപിച്ചു. അഭിഭാഷകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം.
“പലരും എനിക്ക് വേണ്ടി സംസാരിക്കുന്നുണ്ടെന്ന് അറിയാം. നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. പക്ഷേ, കാര്യം എന്താണെന്ന് പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുന്നു. ഞാൻ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു. ഇതുവരെ കേൾക്കാത്ത കാര്യമാണിത്. ഇത്രയും കുറ്റപ്പെടുത്താൻ എന്ത് തെറ്റാണ് ചെയ്തത്. തെളിവ് എന്റെ മുഖത്തുണ്ട്. സഹപ്രവർത്തകർ കൂടെ നിൽക്കുന്നില്ലെന്ന് ബോധ്യമായി. ഇനി പ്രതിയെ വെറുതെവിട്ടാലും കുഴപ്പമില്ല. എനിക്ക് നീതി കിട്ടിക്കഴിഞ്ഞു”.
എന്റെ കാല് കൊണ്ട് ഞാൻ എന്റെ മുഖത്ത് അടിച്ചത് പോലെയാണ് പലരും സംസാരിക്കുന്നത്. സഹപ്രവർത്തകർ ഇപ്പോൾ കൂടെനിൽക്കുന്നില്ല. മാദ്ധ്യമങ്ങളാണ് എന്നെ സഹായിക്കുന്നതെങ്കിൽ ഞാൻ അവർക്കൊപ്പം നിൽക്കുമെന്നും ശ്യാമിലി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ശ്യാമിലിയെ മുഖത്തടിച്ച കേസിൽ പ്രതിയായ സിനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.