കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘമെന്ന് സൂചന. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് ആയുധധാരികളായ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച വൈകുന്നരം നാല് മണിയോടെയാണ് സംഭവം. കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വെള്ള സ്വഫ്റ്റ് കാറിലും ബൈക്കിലുമായാണ് ഏഴംഗ സംഘം വീട്ടിൽ എത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ രണ്ട് പേർ മുമ്പും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയവരുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നതായി അനൂസിന്റെ ഉമ്മ പറഞ്ഞു. പണം നൽകില്ലെന്ന് പറഞ്ഞിട്ടില്ല. സാവകാശമാണ് ചോദിച്ചത്, ഉമ്മ പറയുന്നു.
അനൂസിന്റെ സഹോദരൻ അജ്മൽ മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്നു. അന്ന് അവിടെ വച്ച് ചില സംഘങ്ങളുമായി നടത്തിയ കുഴൽപ്പണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നാലെന്നാണ് വിവരം. ഒന്നരമാസം മുമ്പ് അജ്മൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെങ്കിലും വീട്ടിൽ ഇതുവരെ എത്തിയിട്ടില്ല. പണവുമായി അജ്മൽ കടന്നതായാണ് സൂചന.
സ്വർണ്ണക്കടത്ത് ഇടപാടും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവള്ളി മേഖല കേന്ദ്രീകരിച്ച് കുഴൽപ്പണ- കള്ളപ്പണ ഇടപാട് വ്യാപകമാണ്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ കൊടുവള്ളിയിൽ നടന്നിട്ടുണ്ട്.