ശ്രീനഗർ: സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഡികെ പോറ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. രാഷ്‌ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഭീകരരുടെ കൈവശത്ത് നിന്നും പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ തുടങ്ങിയ സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
സിറാജ്, സമീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഭീകരരുടെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചുവരികയാണ്. വനാതിർത്തികളിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതിർത്തിയിൽ വിവിധയിടങ്ങളിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കശ്മീരിൽ ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സൈന്യത്തിന്റെയും പൊലീസിന്റെയും പ്രവർത്തനങ്ങൾ തുടരുകയാണ്.
മെയ് 13-ന് ഷോപിയാൻ വനമേഖലയിൽ മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.















