ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിയും വ്ലോഗറും ബിസനസുകാരനും ഉൾപ്പെടെ ഇതുവരെ അറസ്റ്റിലായത് എട്ട് പേർ. ഉത്തർപ്രദേശിലും ഹരിയാനയിലുമായി ഇന്ന് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഹരിയാനയിൽ നിന്നും മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
ഹരിയാന സ്വദേശിയായ അർമാൻ പാകിസ്താന് വേണ്ടി ഇന്ത്യയുടെ തന്ത്രപരമായ വിവരങ്ങൾ കൈമാറുകയും സൈനിക നടപടികളെ കുറിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കുവച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇന്ത്യൻ സൈന്യത്തെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അർമാൻ പാകിസ്താന് പങ്കുവച്ചു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്താൻ നമ്പറുകളിലേക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തു.
സോഷ്യൽമീഡിയ താരമായ വ്ലോഗർ ജ്യോതി മൽഹോത്രയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ജ്യോതിയും സംഘവും പാക് രഹസ്യാന്വേഷണ ഏജന്റുമാർക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പാകിസ്താനെ വെള്ളപൂശാൻ തന്റെ യൂട്യൂബ് ചാനൽ ജ്യോതി ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ് സ്വദേശിയും വിദ്യാർത്ഥിയുമായ ദേവേന്ദർ സിംഗ് ധില്ലണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്യാല കന്റോൺമെന്റ് സൈനിക കേന്ദ്രത്തിന്റെ ചിത്രങ്ങൾ പാക് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്നതാണ് കേസ്. കഴിഞ്ഞ നവംബറിൽ ഇയാൾ പാകിസ്താൻ സന്ദർശിച്ചതായും വിവരമുണ്ട്.
മെയ് 15-ന് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഐഎസ് ഭീകരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നൗമാൻ എന്ന 24 കാരനാണ് അറസ്റ്റിലായത്.
ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെയും കഴിഞ്ഞ ദിവസം മൊറാദാബാദിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയതായി എസ്‌ടിഎഫ് അറിയിച്ചു.