അടുത്തിടെയാണ് തന്റെ വിവാഹം ഉടനെ കാണുമെന്ന് നടൻ വിശാൽ വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം നടൻ തെന്നിന്ത്യൻ നടി സായി ധൻസികയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് വിവരം. കുറച്ചുനാളായി ഇരുവരും പ്രണയത്തിലാണെന്നാണ് സൂചന. പ്രണയം വിവാഹത്തിലെത്തിയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. ഇവരുടെ വിവാഹനിശ്ചയം ഉടനെ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ഈ അടുത്ത് പുറത്തുവന്നൊരു അഭിമുഖത്തിലാണ് ഉടൻ വിവാഹിതനാകുമെന്ന് താരം വ്യക്തമാക്കിയത്. അതിൽ അദ്ദേഹം പറഞ്ഞു, “നടിഗർ സംഘം കെട്ടിടം പൂർത്തിയായതിന് ശേഷം എന്റെ വിവാഹം നടക്കും. ഓഗസ്റ്റ് 15 ന് നടിഗർ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതിനുശേഷം എന്റെ വിവാഹം നടക്കും.
ഞാൻ പെൺകുട്ടിയെ കണ്ടു, എല്ലാം സംസാരിച്ചു, അതൊരു പ്രണയ വിവാഹമാണ്.” ഓഗസ്റ്റ് 29 ന് എന്റെ ജന്മദിനമായതിനാൽ ഞാൻ വിവാഹം പ്രഖ്യാപിക്കും. എന്റേത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നും വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കുമെന്നും വിശാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കബാലി, പേരാൺമൈ,പരദേശി, അരവാൻ സോളോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ധൻസിക.
അനാരോഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് 48-കാരനായ നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.