ന്യൂഡൽഹി: സിഖ് മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ച് വെട്ടിലായി വിവാദ യൂട്യൂബർ ധ്രുവ് റാത്തി. തന്റെ യൂട്യൂബ് വീഡിയോയിൽ സിഖ് ഗുരുക്കന്മാരുടെ എഐ നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. “ദി സിഖ് വാരിയർ ഹു ടെറിഫൈഡ് ദി മുഗൾസ്” എന്ന പേരിൽ പോസ്റ്റ് ചെയ്ത എഐ-ജനറേറ്റഡ് വീഡിയോ പ്രതിഷേധം ശക്തമായതോടെ ധ്രുവ് യൂട്യൂബിൽ നിന്നും നീക്കം ചെയ്തു.
സിഖ് ഗുരുക്കന്മാരെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ച വീഡിയോ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് വിശ്വാസികളും രാഷ്‌ട്രീയപാർട്ടികളും ആരോപിച്ചു. അകാൽ തഖ്ത്, ശിരോമണി അകാലിദൾ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്നിവയുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് വീഡിയോ പിൻവലിച്ചത്. സിഖ് ഗുരുക്കന്മാരെ മനുഷ്യരൂപത്തിൽ വീഡിയോകളിലോ സിനിമകളിലോ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന് എസ്‌ജിപിസിയും എസ്‌എഡിയും പറഞ്ഞു.
വീഡിയോ വിവാദമായത്തോടെ ധ്രുവ് റാത്തയും വിശദീകരണവുമായി രംഗത്തുവന്നു. തന്റെ വീഡിയോയ്‌ക്ക് നല്ല പ്രതികരണം ലഭിച്ചുവെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചതിനാൽ അത് പിൻവലിക്കാൻ തീരുമാനിച്ചുവെന്നാണ് ധ്രുവ് റാത്തി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞത്. ഇതിന് മുൻപും ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ധ്രുവിന്റെ വീഡിയോകൾ വിവാദമായി മാറിയിട്ടുണ്ട്.
സിഖ് ഗുരുക്കന്മാരുടെ ചരിത്രം പവിത്രമാണെന്നും അത് വളച്ചൊടിക്കരുതെന്നും വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വിശ്വാസി സമൂഹം മുന്നറിയിപ്പ് നൽകി. സിഖ് ചരിത്രത്തെക്കുറിച്ചുള്ള യൂട്യൂബറുടെ വീഡിയോക്കെതിരെ ഡൽഹി കാബിനറ്റ് മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയും വിമർശനമുന്നയിച്ചു. ഇത് അനാദരവ് ആണെന്നും സിഖ് ഗുരുക്കന്മാരുടെയും ജീവത്യാഗം ചെയ്തവരുടെയും പാരമ്പര്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധ്രുവ് റാത്തിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) സൈബർ ക്രൈം സെല്ലിൽ പരാതി നൽകി.